
കൊച്ചി: നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ 24 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷും കൊല്ലം സ്വദേശി രാഹുലുമാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയായ അതുലിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് യുവതിയെ പ്രതികൾ പീഡനത്തിനിരയാക്കിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് സമീപമുള്ള വിവേകാനന്ദ റോഡിലെ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ ജീവനക്കാരിയായ യുവതി ആൺസുഹൃത്തിനൊപ്പം കെട്ടിടത്തിന്റെ മുകളിലേക്കു പോയപ്പോഴാണ് പ്രതികൾ പിന്നാലെ എത്തിയതെന്ന് പൊലീസ് പറയുന്നു.
മദ്യപിച്ചിരിക്കുകയായിരുന്ന പ്രതികൾ യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയ ശേഷം കത്തി കാട്ടി യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചതായാണ് പരാതി. അതിക്രമത്തിനിടെ പ്രതികളെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച യുവതി, ഫയർ എസ്കേപ്പ് വഴിയാണ് പൂർണനഗ്നയായി താഴേക്കിറങ്ങി രക്ഷപ്പെട്ടത്.
തുടർന്ന് യുവതി ഹെൽപ്‌ലൈനിൽ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സുരക്ഷിതമായി സെൻട്രൽ സ്റ്റേഷനിലേക്ക് മാറ്റി. യുവതി നൽകിയ വിവരങ്ങളും പ്രതികൾ രക്ഷപ്പെട്ട ബൈക്കിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാനിഷിനെയും രാഹുലിനെയും പിടികൂടിയത്. യുവതി മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.









